Adayalam Adayalam

അടയാളം അടയാളം

Dr Sunil

Solo Songs
Malayalam
അടയാളം, അടയാളം
നന്മയ്ക്കായോരടയാളം
കാണും നാമോരടയാളം
നന്മയ്ക്കായതു നിശ്ചയമേ		     

ദുരിതം, യാതന, വേദന, ശാപം
പാപം, രോഗവുമാധികളും
ബാധകൾ, പീഡകൾ, എതിരുകൾ, കയ്പ്പിൻ
നീരു കുടിച്ചു വലഞ്ഞവരേ			

പാപമകറ്റും കുഞ്ഞാടിൻ നിണം
അണിയും വാതിൽ പാളികൾ തൻ
ഉൾമുറി വാസം കൊള്ളും മാനവർ
രക്ഷിതർ സംഹാരകനീന്നും		

ഹന്നാ നേടിയൊരടയാളം
വന്ധ്യയതാകിലുമർത്ഥനയാൽ
കരഞ്ഞു പകർന്നവൾ ഹൃദയം നൊന്തവൾ
നേടീ ശമുവേൽ ബാലകനെ			

ആലയമദ്ധ്യേ നടമാടുന്നൊരു
മ്ലേച്ഛതയോർത്തിട്ടഴലോടെ
ചുടുനെടുവീർപ്പാൽ കരയും മനുജർ-
ക്കഖിലവുമേകുമൊരടയാളം	

തിരുമുറിവുകളിൽ നിന്നും പകരും
രുധിരം പാപിക്കഭയമതാം
പരിശുദ്ധാത്മ കൃപയിൻ മുദ്രയ-
തേൽക്കുമതല്ലോ സൗഭാഗ്യം			

അടയാളം മമമുദ്രയതായി -
ട്ടണിയാൻ ഭാഗ്യമതുണ്ടെങ്കിൽ
"തൊടരുതിവനെ'യെന്നെൻ നാഥൻ
കൃപയാൽ ശക്തം കൽപ്പിക്കും		

മദ്ധ്യാകാശേ മേഘത്തേരിൽ
കർത്തൻ വീണ്ടും വരുമല്ലോ
ഇന്നടയാളം നേടും ശുദ്ധർ
അന്നെത്തീടും തിരുസവിധേ